2012 ജൂൺ 14, വ്യാഴാഴ്‌ച

വെള്ളം

ഞാന്‍ ചിലപ്പോള്‍
കരയിലെക്കോടിയെത്തി
പാതിവഴിയില്‍ തിരിച്ചു പോകുന്ന,
നൂറ്റാണ്ടുകളോളം  അത് തന്നെ
ചെയ്തുകൊണ്ടിരിക്കുന്ന
കടല്‍ത്തിരയാകും

ചിലപ്പോള്‍,
ഭ്രാന്തുമൂത്ത്,
ഒരു ദേശത്തിന്‍റെ
 ചരിത്രം മുഴുവന്‍
ഒറ്റയടിക്ക് മായ്ച്ചു കളഞ്ഞു
കടലിലേക്ക്‌ പായുന്ന പ്രളയം

ചിലപ്പോള്‍
മദ്യത്തിലലിഞ്ഞു ലഹരിയാവാനാണിഷ്ടം
മറ്റു ചിലപ്പോള്‍
പഞ്ചസാര കലര്‍ന്ന മധുരമാവാന്‍

പിന്നെ ചിലപ്പോള്‍
 മാനത്തുപോയി
വെളിച്ചം പുതച്ചു
മഴവില്ലാകും

അത് കഴിഞ്ഞു
കാട്ടുമരങ്ങളുടെ
ഇലകളില്‍ നിന്നും
ഇലകളിലേക്ക്
ഊര്‍ന്നിറങ്ങി
മണ്ണിനെ നനയ്ക്കും

പിന്നെ തളരുമ്പോള്‍,
അമ്മയെടുത്ത്
ഉമ്മവക്കുന്നതിനു മുന്‍പ്
ഒരു കുഞ്ഞിക്കവിളിലൂടെ
നേര്‍ത്ത വരയായി
ഒഴുകും