ഉറക്കമുണര്‍ന്നു
മച്ചില്‍ നോക്കി
വെറുതെക്കിടക്കുമ്പോള്‍
ഫാനിനോട് ചോദിച്ചു,
എന്നെ താങ്ങാന്‍ മാത്രം
ഉറപ്പുണ്ടോ നിനക്ക്?
ഫാന്‍ നിര്‍ത്താതെ
കറങ്ങിക്കൊണ്ടേ ഇരുന്നു
തീവണ്ടി പാലം കയറിയപ്പോള്‍
തണുപ്പ് , കൈപിടിച്ച്
കൂട്ടിക്കൊണ്ടു പോകാന്‍ വന്നു
പൊങ്ങിവരാന്‍ പറ്റാത്ത
ആഴങ്ങള്‍ കാട്ടി കൊതിപ്പിച്ചു
പിന്നെ, വാതിലിലൂടെ
പിറകിലേക്ക് നോക്കിയപ്പോള്‍
തണുപ്പ്
എന്നെ തുറിച്ചുനോക്കി
പാലത്തില്‍ തന്നെ
നില്‍പ്പുണ്ടായിരുന്നു
മനസ്സിന്‍റെ
നീറ്റല്‍ മാറാന്‍
എന്താണ് മരുന്ന്?
അതൊരു രോഗമല്ലല്ലോ കുട്ടീ,
എന്ന് ഡോക്ടര്‍
ഡോക്ടര്‍ എഴുതിത്തന്ന
ഉറക്കഗുളിക എല്ലാം
ഒറ്റയടിക്ക് കഴിച്ചാല്‍
രോഗം മാറുമോ?
ചിരിക്കണോ കരയണോ
എന്നറിയാതെ
ഡോക്ടര്‍
ഒരു ചോദ്യചിഹ്നമായി
രൂപാന്തരപ്പെട്ടു
പിന്നൊരിക്കല്‍
കൈത്തണ്ടയിലെ
തുടിക്കുന്ന ഞരമ്പുകളെ
നോക്കിയിരുന്നപ്പോള്‍ തോന്നി
ജീവിച്ചിരിക്കുക എന്നത് തന്നെയാണ്
ഏറ്റവും നല്ല ആത്മഹത്യാമാര്‍ഗ്ഗം
അല്ലെങ്കിലും
ഞാനെന്തിനു മരിക്കണം?
തലയോട്ടി തകര്‍ത്തുപായുന്ന
ആയിരം തീവണ്ടിച്ചക്രങ്ങളുടെ
താളമാണല്ലോ
ഇപ്പോള്‍ ജീവിതത്തിനു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ